കഥ
രാമപുരം ചന്ദ്രബാബു

നിഴല്‍പ്പാടുകള്‍

അവള്‍ കരച്ചില്‍ തുടങ്ങിയിട്ട് ഏറെ നേരമായിരിക്കുന്നു. ഇതിനിടയ്ക്ക് വിജയെക്കുറിച്ച് തെറികലര്‍ന്ന ശാപവാക്കുകള്‍ പറയുന്നുണ്ട്. നല്ലൊരു കേള്‍വിക്കാരന്‍റെ റോളില്‍ ഞാനതെല്ലാം കേട്ടുകൊണ്ട് നില്‍പ്പാണ്. മണിക്കൂറുകള്‍ കടന്നുപോയിട്ടുണ്ടാവണം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര പ്രശ്നങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായിരിക്കുന്നു. ഞാന്‍ അതൊക്കെയും കേള്‍ക്കുവാന്‍ ബാധ്യസ്ഥനാണ്. എനിക്കതൊക്കെയും കേട്ടേ മതിയാവു. കാരണം അവരുടെ പ്രണയം തുടങ്ങിയതും, പിന്നീടത് വളര്‍ന്നതും, ഒടുവില്‍ പ്രണയസാഫല്യം യാഥാര്‍ത്ഥ്യമായതും ഞാനെന്ന പേരുകാരന്‍ നിമിത്തമാണത്രെ! അപ്പോള്‍പ്പിന്നെ അവര്‍ക്കിടയില്‍ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ഒരു കേള്‍വിക്കാരന്‍റെ റോളിലെങ്കിലും നിന്നുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ടത്രെ! എല്ലാം കാണാനും കേള്‍ക്കാനും വിധിക്കപ്പെട്ടവനാണ് ഞാന്‍.
ഒടുവില്‍ അവളുടെ കരച്ചില്‍ അല്പം കുറഞ്ഞമാത്രയില്‍ ഞാന്‍ പറഞ്ഞു.
"ഇപ്പോള്‍ മകന്‍ എവിടെ? ആരുടെ കൂടെ?"
അവള്‍ ക്രൂരമായി നോക്കി പുഞ്ചിരിവരുത്തിപ്പറഞ്ഞു.
"എല്‍സാമ്മക്കൊപ്പം. പ്രശ്നങ്ങള്‍ തീരുംവരെ അവനവിടെ നില്‍ക്കട്ടെയെന്ന് തീരുമാനിച്ചു"
"തീരുമാനം ഒറ്റയ്ക്കോ. കൂട്ടായിട്ടോ?"
"കൂട്ടായിട്ട്. ഞാനും വിജയും വഴക്കുകൂടുന്നത് മോന്‍ അറിയരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വഴക്കിനുള്ള ലാഞ്ചന കാണുമ്പോഴെ മോനെ എല്‍സാമ്മയുടെ അടുക്കലെത്തിക്കും. തുടര്‍ന്നാണ് ഞങ്ങള്‍ വഴക്ക് കൂടിയിരുന്നത്."
എത്രനല്ല മാതൃകാ ദമ്പതികള്‍. വഴക്കുകൂടുന്നതിനു മുന്നൊരുക്കം നടത്തി, മകനെ മറ്റൊരു വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ച് അതിനുശേഷം വഴക്കിടുക. ഇത് വഴക്കിടാന്‍ തയ്യാറെടുക്കുന്ന ഏതു ദമ്പതികള്‍ക്കും പാഠമാണ്. മാതൃകയാണ്. ഞാന്‍ മനസ്സില്‍പ്പറഞ്ഞ് അവളെ നോക്കി. കാര്യം ഗ്രഹിച്ചെടുത്തപോലെ അവള്‍ പറഞ്ഞു.
"മാഷെന്താണ് ആലോചിച്ചതെന്ന് എനിക്കറിയാം. ഞങ്ങള്‍ ഇങ്ങനെയുള്ള ഒട്ടേറെ വിചിത്രമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ക്ക് അത്ഭുതമോ, അതിശയമോ തോന്നാവുന്ന കാര്യങ്ങള്‍."
"ശരിയാണ് നീ പറഞ്ഞത്. കേട്ടപ്പോള്‍ എനിക്കും അങ്ങനെയാണ് തോന്നിയത്. വളരെ വിചിത്രമെന്ന്"
അതിന് മറുപടിയായി അവള്‍ ഒന്നുകൂടി ചിരിവരുത്തി. എന്നിട്ടു പറഞ്ഞു.
"എന്തായലും ഇനിയിത് നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. യോജിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിക്ക് വേര്‍പിരിയുക എന്ന തീരുമാനത്തിലേക്ക് നീങ്ങാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുക്കുകയാണ്. പക്ഷേ, വിജയ് അതംഗീകരിക്കുന്നില്ല. അവന്‍റെ തുറുപ്പുചീട്ട് മകനാണ്."
"മകന്...?"
"വിജയിയോടാണ് കൂടുതല്‍ ഇഷ്ടം. അതെങ്ങനെ അപ്പന്‍ പണിക്കുപോലും പോകാതെ എപ്പോഴും മകനൊപ്പം ഉണ്ടാവും. അവന്‍റെ ഏത് ഇഷ്ടാനിഷ്ടങ്ങളും ഉടന്‍ സാധിച്ചുകൊടുക്കും. അപ്പനില്ലാതെ അവനും, അവനില്ലാതെ അപ്പനും ഉറങ്ങില്ല എന്ന സ്ഥിതി. എനിക്കനിയാം. ഇതൊക്കെ മുന്‍കൂട്ടി കണക്കുകൂട്ടി വിജയ് എടുത്ത തീരുമാനത്തിന്‍റെ ഭാഗമാണ്. ബോധപൂര്‍വ്വം മകനുമായി വല്ലാത്തൊരു മാനസികാക്യം ഉണ്ടാക്കിയെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് അതൊരു തുറുപ്പുചീട്ടാണെന്ന്."
"ഏയ്. വിജയ് അങ്ങനെ പെരുമാറാന്‍ തരമില്ല. അവന് മകനെന്നു പറഞ്ഞാല്‍ ജീവനാണ്. എപ്പോഴും മകനെക്കുറിച്ചും അവന്‍റെ കുട്ടിത്തരത്തെക്കുറിച്ചും വാചാലമാവാറുണ്ട്. അതൊരു മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനിന്‍റെ ഭാഗമാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. തികച്ചും സ്വാഭാവികവും, ശരിയായതുമായ പുത്രസ്നേഹം മാത്രം"
അതവള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തം. വിജയിയെ പുകഴ്ത്തിപ്പറഞ്ഞതുകൊണ്ടാവും.
മനുഷ്യന്‍റെ മനസ്സ് ഒരിക്കലും പിടിതരാത്ത ഒന്നാണ്. ഏതു സാഹചര്യത്തില്‍ എങ്ങനെ പെരുമാറുമെന്ന് യാതൊരു ഊഹവുമില്ല. പറയാന്‍ കാരണം ഒരിക്കല്‍, അവരുടെ പ്രണയത്തുടക്കത്തില്‍ സംസാരമധ്യേ വിജയിയെക്കുറിച്ച് അല്പം മോഷമായി സംസാരിക്കാനിടവന്നു. ആ അഭിപ്രായം അവള്‍ക്ക് ഒട്ടും രുചിച്ചില്ല. വിജയിയെക്കുറിച്ച് ആര് ഇകഴ്ത്തിപ്പറഞ്ഞാലും അന്നവള്‍ക്ക് അത് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം അന്നവള്‍ അവനെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു. സ്നേഹിച്ചിരുന്നു. പ്രണയത്തുടക്കത്തില്‍ അങ്ങനെയാണല്ലോ എല്ലാ കമിതാക്കളും. പരസ്പരം ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ പരിസരങ്ങളില്‍ മറ്റാരുമില്ല. അവര്‍ മാത്രം. അവരുടേതായ ലോകം മാത്രം. അവിടെ പരസ്പരം ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മാത്രം പറയും. ഇഷ്ടപ്പെട്ടകാര്യങ്ങള്‍ മാത്രമെ ചെയ്യു. പക്ഷേ, ജീവിതമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ തുടങ്ങുമ്പോള്‍ പിന്നെ ഇഷ്ടപ്പെടുന്നവ മാത്രമല്ല, ഇഷ്ടപ്പെടാത്തവയുമായി ഇടപെടേണ്ടിവരും. അപ്പോള്‍ മുതല്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയായി. സാധാരണ സംഭവിക്കാറുള്ള കുടുംബപ്രശ്നങ്ങള്‍ തന്നെ ഇവിടേയും. പക്ഷേ, ഒരു വ്യത്യാസം മാത്രം. ഇരുവരും സാധാരണക്കാരല്ല. നല്ലധാരണകള്‍ പലവിഷയങ്ങളിലും ഉള്ളവരാണ്. എന്നുവച്ചാല്‍ സ്വന്തം അഭിപ്രായം സ്ഥാപിച്ചെടുക്കാന്‍ ഏതറ്റംവരെയും സംസാരിച്ചു പോകുന്നവര്‍. അതുകൊണ്ടുതന്നെയാണ് നല്ലൊരു കേള്‍വിക്കാരന്‍റെ റോള്‍ ആദ്യംതന്നെ എടുത്തണിഞ്ഞത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയാതെ ഇടപെടുന്നത് പിന്നീട് വലിയ അബദ്ധമാകുമെന്ന മുന്നറിവ്.
"ശരി. നീ പറഞ്ഞത് വിശ്വാസത്തിലെടുത്തുകൊണ്ട് ഒരു കാര്യം ചോദിക്കട്ടെ. എന്നുമുതല്‍ക്കാണ് നിങ്ങള്‍ തമ്മില്‍ ഇത്രയും പ്രശ്നങ്ങള്‍ തുടങ്ങിയത്? എന്തായാലും ഏതാനും ദിവസത്തേതാവാന്‍ വഴിയില്ല"
"ഞാനിത്രയും പറഞ്ഞിട്ടും മാഷിനിനിയും മനസ്സിലായില്ലേ. എന്തിനും ഏതിനും തര്‍ക്കിക്കും. അത് സ്ഥാപിച്ചു കിട്ടാന്‍ എന്തുന്യായവും കണ്ടെത്തും. ഒടുവില്‍ വിഷയം അവതരിപ്പിച്ച ഞാന്‍ വലിയ തെറ്റുകാരിയാവും. ഇതെത്രനാള്‍ സഹിക്കും. മാത്രമോ? ഞാന്‍ ടെക്കിയായത് വിജയ് സമ്മതിച്ചതുകൊണ്ടല്ലേ. ടെക്കികള്‍ക്ക് പെരുമാറാനറിയില്ല എന്ന പുതിയ ന്യായമാണ് വിജയ്ക്ക്. എന്നുവച്ചാല്‍ അതിനര്‍ത്ഥം ഞാനൊരു യന്ത്രംപോലെ പ്രവര്‍ത്തിക്കണം. അഭിപ്രായങ്ങള്‍ക്ക് യാതൊരു വിലയുമില്ല"
അവളുടെ സംസാരം പരന്നൊഴുകി. പ്രശ്നങ്ങള്‍ അത്രനിസാരമല്ല. വളരെ ആലോചിച്ചുവേണം ഇക്കാര്യത്തില്‍ ഇടപെടാന്‍. ഞാനാലോചിച്ചപോലെ തന്നെ. അഭിപ്രായ വ്യത്യാസത്തേക്കാള്‍ ഓരോരുത്തരുടേയും അഭിപ്രായവും, നിലപാടുകളുമാണ് പ്രശ്നം. ഒട്ടൊരു ആലോചനക്കുശേഷം ഞാന്‍ പറഞ്ഞു.
"എന്തായാലും ഞാന്‍ വിജയുമായി സംസാരിക്കട്ടെ. അതുവരെ നീയായിട്ട് ഇടപെട്ട് കൂടുതല്‍ വഷളാക്കണ്ട."
അവള്‍ കുറുകിയ കണ്ണുകള്‍ കൊണ്ട് ഒരു അവിശ്വാസനോട്ടമെറിഞ്ഞ് പോയി. ഏറെനേരം നിര്‍ത്താതെ പെയ്തൊഴിഞ്ഞ മഴയുടെ ശാന്തത. എത്രനേരമായിക്കാണുമെന്ന് ഊഹമില്ല. വളരെനേരമായിരിക്കുന്നു. ഇനി വിജയിയെ ഇന്നു കാണേണ്ടെന്നു തീരുമാനിച്ചു. അവനും കൂടി പറയാനുള്ളത് കേള്‍ക്കാനും അതിന് മറുപടി പറയാനും തക്ക ശേഷി ഇന്നില്ല. അല്ല, ക്ഷമയില്ല.
പിന്നീടുള്ള ഒരാഴ്ചക്കാലം എനിക്ക് തിരക്കായിരുന്നു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ തിരക്ക് എത്രമാത്രമാണെന്ന് ആ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് മാത്രമറിയാവുന്ന സീക്രട്ടാണ്. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ഒന്നിച്ചെത്തും. അവ ചെയ്തു തീര്‍ക്കേണ്ട താമസം, ഒരുകൂട്ടം കാര്യങ്ങള്‍ വീണ്ടുമെത്തും. കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമാണിത് ബാധകം. അല്ലാതുള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ല. ഇതിനിടക്ക് പലതവണ അവള്‍ വിളിച്ചുചോദിച്ചു. വിജയിയെ കണ്ടോ, സംസാരിച്ചോയെന്ന്. ഇല്ലെന്ന മറുപടിയില്‍ അവള്‍ തൃപ്തയല്ല. താനും വിജയിയും എന്തോ ഒളിച്ചുകളിക്കുന്നുവെന്നുപോലും അവള്‍ വിശ്വസിച്ചു. ഒരുനേരം അത് തെളിച്ചു പറയുകയും അപ്രിയം അറിയിക്കുകയും ചെയ്തു. ഇനി വിജയിയെ കാണാതെ പറ്റില്ല. സമയം ദീര്‍ഘിക്കുംതോറും അവരുടെ പ്രശ്നസങ്കീര്‍ണ്ണമായ ജീവതാളം കൂടുതല്‍ പിരിമുറുക്കമുള്ളതായേക്കാം.
സീഫോര്‍ റെസ്റ്റോറന്‍റിലെ ആളൊഴിഞ്ഞഭാഗത്ത് വിജയിക്കൊപ്പം സംസാരിച്ചിരിക്കെ അവന്‍ ഇടക്കിടെ അസ്വസ്തനാകുന്നുണ്ട്. സാധാരണക്കാരനല്ല തനിക്കൊപ്പം ഇരിക്കുന്നതെന്ന ബോധം എനിക്കുണ്ട്. എന്തിനും ഏതിനും യുക്തിസഹമായ മറുപടി തരാന്‍ കഴിവും ശേഷിയുമുള്ള ആളാണ് വിജയ്.
"വിജയ് നീ ഒരു കാര്യമോര്‍ക്കണം. നിങ്ങള്‍ തമ്മിലുള്ള ഈഗോക്ലാഷില്‍ പ്രതിസന്ധിയിലാകുന്നത് നിങ്ങളുടെ മകനാണ്. പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്നതിലല്ല കാര്യം. ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഫലപ്രദമായി മറികടക്കുന്നതിലാണ്"
അവന്‍ എന്നെ വല്ലാത്തൊരു നോട്ടം നോക്കി.
"പൊതുരംഗത്ത് നില്‍ക്കുന്നവരുടെ സാധാരണ മധ്യസ്ഥശ്രമം എന്നോടു വേണ്ട. നിനക്ക് കാര്യങ്ങളുടെ നിജസ്ഥിതി അറിയാഞ്ഞിട്ടാ. അവള്‍ക്ക് ഞാനൊരു പഴഞ്ചനും, ഔട്ടോഫ് ഫാഷനുമാണെന്നാണ് ധാരണ. ഞാന്‍ ടെക്കികളുടെതായ ആഡംബരജീവിതം നയിക്കണമെന്നാണ് അവളുടെ ആഗ്രഹം. മികച്ച ജീവിതമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ഒരു കൃത്രിമത്ത്വം ഉണ്ടാവണമത്രെ!. എന്നുവച്ചാല്‍ ഞാന്‍ ഓര്‍മ്മവച്ച കാലംമുതല്‍ പിന്‍തുടരുന്ന സിംബിളായ ജീവിതമാതൃക പാടെ ഉപേക്ഷിക്കണമെന്ന്. അങ്ങനെ വന്നാല്‍പ്പിന്നെ ഞാനുണ്ടോ? എന്‍റെ ജീവിത വീക്ഷണത്തെ പാടെ ഉപേക്ഷിച്ച ഞാന്‍ പിന്നെ ഞാനാണോ? നീ പറയ്"
വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് എന്നേക്കൂടി വലിച്ചിഴച്ച് പടുകുഴിയില്‍ ചാടിച്ചപോലെ എനിക്കുതോന്നി. അവന്‍ പറയുന്നതില്‍ കാര്യമില്ലാതില്ല. വര്‍ഷങ്ങളായി അറിയാവുന്നവനാണ്. ഓര്‍മ്മത്തുടക്കം മുതല്‍ അവന്‍ തികച്ചും വ്യത്യസ്തനാണ്. ആഡംബരങ്ങളോട് തീരെ താല്പര്യമില്ലാത്ത പ്രകൃതം. ആരുടേയും ഒന്നും ആഗ്രഹിക്കാത്ത രീതി. എന്നാല്‍ വളരെ മാന്യമെന്ന് പൊതുസമൂഹത്തിന് തോന്നുന്ന പ്രകൃതം. അങ്ങനെ വളരെ കഷ്ടപ്പെട്ട് മെയിന്‍റയിന്‍ ചെയ്യുന്ന ഒരു ജീവിതാവസ്ഥയെ പൊടുന്നനെ ഇല്ലാതാക്കി, മറ്റൊരു പൊയ്മുഖമണിയാനാണ് അവള്‍ അവനോട് ആവശ്യപ്പെടുന്നത്. രണ്ടുദിശയിലേക്ക് നയിക്കപ്പെടുന്ന കപ്പലിന്‍റെ അവസ്ഥ. പ്രസന്ധിയിലായ കപ്പിത്താനെപ്പോലെ ഞാന്‍ റസ്റ്റോറന്‍റിന്‍റെ മൂലയിലൂടെ അസ്വസ്ഥനായി നടന്നു.
എന്‍റെ പ്രതിസന്ധി കണ്ടിട്ടാവണം വിജയ് പറഞ്ഞു:
"നീ ടെന്‍ഷനാവണ്ട. അവളോട് ഞാന്‍ സംസാരിക്കാം. നിന്നെ ഇതില്‍ നിന്നും ഒഴിവാക്കാന്‍"
അവന്‍റെ ഔദാര്യം. അങ്ങനെ ഒഴിഞ്ഞുമാറുവാന്‍ കഴിയുമോ? പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നവനല്ല, പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയുന്നവനാണ് ശരിയായ പൊതുപ്രവര്‍ത്തകന്‍, ശരിയായ സുഹൃത്ത്. ആ ബോധത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ പറഞ്ഞു.
"ഇക്കാര്യത്തില്‍ ഞാനായിട്ട് ഒരൊഴിഞ്ഞുമാറലോ, രക്ഷപെടലോ ഇല്ല. ഇത് പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ നിങ്ങളെന്‍റെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുമാണെന്ന് ഞാനെങ്ങനെ പറയും"
"ശുഭാപ്തിവിശ്വാസം നിന്നെ രക്ഷിക്കട്ടെ"
അവന്‍ യാത്രപറഞ്ഞിറങ്ങി.
അവരെ ഒരുമിപ്പിക്കാനുള്ള വഴികളാലോചിച്ച് അനവധി ദിവസങ്ങള്‍ ഞാന്‍ നടന്നു. രാഷ്ട്രങ്ങളുടെ അതിര്‍ത്തിതര്‍ക്കം പോലെ ഈ പ്രശ്നം നീണ്ടുപോയേക്കാം. വ്യത്യസ്ത കുടംബങ്ങളിലെ ഒന്നാകുന്ന അംഗങ്ങള്‍ ഒരര്‍ത്ഥത്തില്‍ രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങള്‍ തന്നെയാണ്. ഇടക്കിടെ സങ്കീര്‍ണ്ണ പ്രശ്നങ്ങളെടുത്തിട്ട് അകലും. പിന്നീടൊരുനാള്‍ സന്ധിചെയ്യും. വീണ്ടും പഴയപല്ലവി ആവര്‍ത്തിക്കും. അവരുടെ കാര്യത്തിലും എന്തെങ്കിലുമൊരു പരിഹാരം എന്തോഴെങ്കിലും ഉരുത്തിരിഞ്ഞു വരാതിരിക്കില്ല എന്നൊരു വിശ്വാസം എനിക്കുണ്ട്.
ഒരുമാസത്തിനുശേഷം യാദൃച്ഛികമായി ഞാനാ കാഴ്ചകണ്ടു.
ടൗണിലെ ഷോപ്പിംഗ് മാളില്‍ നിന്നും വിജയിയും അവളും മകനും വളരെ സന്തോഷത്തോടെ ഇറങ്ങിവരുന്നു. എല്ലാവരുടേയും കൈകളില്‍ എന്തൊക്കെയോ വാങ്ങിക്കൂട്ടിയതിന്‍റെ കവറുകളുണ്ട്. അവിശ്വാസത്തോടെ നോക്കി നിന്ന എന്നെ നോക്കി അവനും അവളും ഒരേസ്വരത്തില്‍ പറഞ്ഞു.
"സന്ധി സംഭാഷണം വിജയിച്ചു. അടുത്തൊരു വെടിയൊച്ച അതിര്‍ത്തിയില്‍ മുഴങ്ങുംവരെ സമാധാനം. സൗഹൃദം. അതുകഴിഞ്ഞ് പിന്നീട് പ്രശ്നങ്ങളുണ്ടായാല്‍ ഞങ്ങള്‍ നിന്നെത്തന്നെ സമീപിക്കാം"
"മാതൃകാ ദമ്പതികള്‍ക്ക് എന്‍റെ പ്രണാമം. വലിയൊരു പ്രതിസന്ധിയില്‍ നിന്നും നിങ്ങളെന്നെ രക്ഷപെടുത്തിയല്ലോ"
സത്യത്തില്‍ അതായിരുന്നു ശരി. സങ്കീര്‍ണ്ണപ്രശ്നങ്ങളില്‍ നിന്നും അവരല്ല രക്ഷപെട്ടത്. ഞാനായിരുന്നു. നടന്നുപോയ മൂവര്‍ സംഘത്തില്‍ നിന്നും നടുക്കുള്ള കുഞ്ഞുരൂപം തിരിഞ്ഞുനോക്കി എന്നെ കണ്ണിറുക്കിക്കാണിച്ചു. ചിരിച്ചു. അത് ഞാനും അവനും തമ്മിലുള്ള ചില രഹസ്യനീക്കങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റായിരുന്നു അവന്‍റെ എനിക്കായുള്ള ചിരി!!



Comments

Popular posts from this blog