കഥ
ആധുനികന്‍
രാമപുരം ചന്ദ്രബാബു

"എത്രദിവസമായി തുടങ്ങിയിട്ട്. അകത്തും പുറത്തും ഓരേപോലെ ശല്യം. രാത്രിയായാ മനുഷ്യനൊന്നുറങ്ങേണ്ടേ"
അവള്‍ അതിരൂക്ഷമായി അവനെ നോക്കിപ്പറഞ്ഞു.
നിസ്സഹായനായി അവന്‍ നിന്നു.
ശരിയാണ്. എത്ര ദിവസമായി ശരിക്കൊന്നുറങ്ങീട്ട്. പട്ടിക്കീയിടെയായി രാത്രികാലങ്ങളില്‍ അവ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കും. ഓരിയിടും. അകത്താണെങ്കില്‍ അപ്പന്‍ ചുമയ്ക്കാന്‍ തുടങ്ങിയാല്‍പ്പിന്നെനിര്‍ത്തുണ്ടാവില്ല. പുലര്‍ച്ചവരെ അകവും പുറവും ഒരുപോലെ ശബ്ദമയം. ഒടുവിലെപ്പോഴോ പുലര്‍ച്ചെ ഇരുവരും തളര്‍ന്നുറങ്ങും.
അയാള്‍ അപ്പനടുത്തെത്തി.
"പട്ടിയെക്കൊണ്ടു കളയാം അപ്പാ..."
അയാള്‍ ചുമയ്ക്കിടയില്‍ ബന്ധപ്പെട്ട് ശ്വാസം കഴിച്ച് പറഞ്ഞു:
"ഓമനിച്ചു വളര്‍ത്തിയതല്ലേ... കൊണ്ടുക്കളഞ്ഞാല്‍ വേദനിക്കും"
അപ്പന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ അയാള്‍ ചാക്കുമായെത്തി പട്ടിയെ തുടലഴിച്ച് ചാക്കിലാക്കി.
"അപ്പനൂടെ വാ... ഇതിനെ പിടിച്ചോ..."
കാറിനുള്ളിലിരുന്ന് അപ്പന്‍ പറഞ്ഞു:
"അല്പം ദൂരെക്കളയണം. അല്ലെങ്കില്‍ വീടുതേടി മണംപിടിച്ചെത്തും"
മറുപടിയായി ആലോചനയിലിരുന്ന മകന്‍ ഒന്നിരുത്തിമൂളി.
ദൂരെദൂരെ തിരിച്ചുവരാന്‍ കഴിയാത്തൊരിടത്ത് കാര്‍ നിറുത്തി മകന്‍ പറഞ്ഞു:
"അപ്പനതിനെ ആ മാര്‍ക്കറ്റിനകത്തു വിട്ടേരെ..."
ചുമയുടെ ആധിക്യത്തോടെ ശ്വാസം കഴിച്ച് അപ്പന്‍ ചാക്കുകെട്ടെടുത്ത് നടന്നു.
ചാക്കില്‍ നിന്നും പട്ടിയെ പുറത്താക്കി അയാള്‍ പിന്‍തിരിഞ്ഞു. അങ്ങകലെ മകന്‍റെ കാര്‍ അകന്നു പോകുന്നതിന്‍റെ ചുവപ്പുവെളിച്ചം. അത് കാഴ്ചക്കപ്പുറത്തേക്ക് മെല്ലെ ഓടിമറഞ്ഞത് ഇരുവരും നോക്കി നിന്നു.
പതിവുപോലെ അപ്പന്‍ ചുമച്ചു..!
പട്ടി നിര്‍ത്താതെ ഓരിയിട്ടു...!!

Comments

Popular posts from this blog