കഥ
രാമപുരം ചന്ദ്രബാബു
പിന്‍വിളികള്‍

മുന്‍വശത്തെ കതകില്‍ ആരോ ഒന്നുരണ്ടുവട്ടം തട്ടുന്നതുകേട്ടു. വാതില്‍ തുറന്നതും നിറഞ്ഞ ചിരിയുമായി ദിവാകരന്‍ ചേട്ടന്‍.
"വരൂ... വരൂ..."
വീടിനകത്തേക്കുള്ള ക്ഷണം നിരസ്സിച്ച്, വിവാഹ ക്ഷണക്കത്ത് തിടുക്കത്തിലെടുത്തേല്‍പ്പിച്ച് അയാള്‍ പറഞ്ഞു:
"എന്തു തിരക്കുണ്ടായലും സഖാവ് വരണം. മകളുടെ വിവാഹമാണ് പതിനെട്ടിന്. തലേന്ന് വീട്ടില്‍വച്ച് കാപ്പിസല്‍ക്കാരം. രണ്ടിടവും സഖാവുണ്ടാവണം. മുഴുവന്‍ സമയവും"
കത്തുതരുമ്പോള്‍ അയാളുടെ ശോഷിച്ച കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ അയാള്‍ പോകുന്നതും നോക്കി നിന്നു. വര്‍ഷങ്ങളായി അറിയാവുന്ന ആളാണ്. പാര്‍ട്ടിക്കുവേണ്ടി ഒട്ടേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ശാരീരികമായ അവശതയുണ്ടെങ്കിലും എവിടെ പരിപാടിയുണ്ടെങ്കിലും വന്നെത്താവുന്നിടത്തൊക്കെ അയാള്‍ എത്തിയിരിക്കും. അങ്ങനെയൊരാളാണ് ആ കടന്നുപോകുന്നത്. ആ കുടുംബം തന്‍റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നു. സാന്നിദ്ധ്യം മാത്രംകൊണ്ട് ഇക്കാലത്ത് കാര്യമില്ലെന്നറിയാം. എന്തെങ്കിലും സഹായം ചെയ്യുകയും വേണം. ഈ കൊടുക്കല്‍ വാങ്ങല്‍ അലിഖിതമായ ഒരു നിയമമായി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു.
ഡയറിയിലെ അയാള്‍ പറഞ്ഞ തീയതിക്കുള്ളിലേക്ക് ശ്രദ്ധാപൂര്‍വ്വം ക്ഷണപത്രിക  തിരുകിവച്ച് പിന്‍തിരിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.
"എത്രാമത്തേതാ..?"
ഉത്തരം അവളോട് പുഞ്ചിരിയിലൊതുക്കി ഉള്ളില്‍ മറുപടി പറഞ്ഞു.
"മൂന്നാമത്തേത്"
അതവള്‍ കേള്‍ക്കാതെതന്നെ അടുത്ത മറുപടിയെത്തി.
"നേരം വെളുത്തതല്ലേയുള്ളു. വൈകുന്നേരത്തോടെ പത്തുപന്ത്രെണ്ടെണ്ണമെത്തും"
അവളെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് സഖാവ് പത്രം നിവര്‍ത്തി. ശരിയാണ് അവള്‍ പറയുന്നത്. നിത്യേന നിരവധിപ്പേര്‍ ക്ഷണപത്രികയുമായെത്തും. വിവാഹം, കേറിത്താമസം, നൂലുകെട്ട്, കട ഉദ്ഘാടനം അങ്ങനെയങ്ങനെ ഒട്ടേറെ... പൊതുരംഗത്തു നില്‍ക്കുന്നവര്‍ക്കെല്ലാം ഇത് ബാധകമാണ്. അതവള്‍ക്കുമറിയാം. പക്ഷേ, ഇത്രയധികം പേര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ തനിക്കോ തന്‍റെ കുടുംബത്തിനോ കഴിയാറില്ല. രാഷ്ട്രീയ പ്രവര്‍ത്തനം മാതൃകാപരമായി കാണുന്ന ഒരാള്‍ക്കും ഇത്തരം കാര്യങ്ങളില്‍ സഹായം ചെയ്യാനാവില്ലെന്ന സത്യം എത്രകാലമായി അനുഭവിച്ചുവരുന്നതാണ്. അതിലാര്‍ക്കും ഇന്നേവരെ പരാതിയില്ല. ഉണ്ടെങ്കില്‍ കൊടുക്കും. ഇല്ലെങ്കില്‍ ഇല്ല. പക്ഷേ, സാന്നിധ്യം. അക്കാര്യത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണ്.
ഓരോ ചിന്തകള്‍ക്കിടയില്‍ അവള്‍ വീണ്ടും ഇടപെട്ടു.
"മോള്‍ക്ക് ഫീസടക്കേണ്ട തീയതിയാണ്"
അവരെ ശ്രദ്ധിക്കാതെ അയാള്‍ ചരമക്കോളത്തിലേക്ക് കണ്‍പായിച്ചു. പരിചിതഭവനങ്ങളിലെ പലരും മരണപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ട് ചരമക്കോളത്തില്‍ ഓട്ടപ്രദക്ഷണംവച്ചു. വര്‍ഷങ്ങളായുള്ള ശീലമാണത്. ഒരിക്കല്‍ എല്ലാവരും കടന്നുപോകുന്ന ഒരു കോളം എന്ന നിലക്കല്ല. മറിച്ച് ജനനം ഒരു വലിയ കഥയുടെ തുടക്കവും മരണം അതിന്‍റെ പരിസമാപ്തിയുമാണെന്ന തിരിച്ചറിവ്. അത് പ്രധാനം ചെയ്യാന്‍ പത്രത്തിലെ ചരമക്കോളത്തിന് കഴിയുന്നുണ്ടെന്ന വിശ്വാസം മാത്രം.
വിവിധ ആവശ്യക്കാരായ ഒട്ടേറെപ്പേര്‍ എത്തിത്തുടങ്ങി. സഖാവ് അവര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചിലര്‍ സംതൃപ്തിയോടെ മടങ്ങി. ചിലര്‍ക്ക് നീരസവും. പൊതുകാര്യങ്ങളില്‍ എല്ലാവരേയും സംതൃപ്തിപ്പെടുത്തി എല്ലാക്കാര്യങ്ങളും ചെയ്യാനാവില്ലല്ലോ?
ഒരുങ്ങിയിറങ്ങിയ മകള്‍ അയാള്‍ക്കുമുന്നില്‍ തങ്ങിനിന്നു. ഇനി പരിഹരിക്കാനുള്ളത് അവളുടെ പ്രശ്നമാണ്.
"ഫീസ്സ് പ്രശ്നം നമുക്ക് പരിഹരിക്കാം. അച്ഛന്‍ പ്രിന്‍സിപ്പലിനോട് പറയാം. എന്താ"
മകള്‍ അഭിപ്രായത്തെ വിശ്വാസത്തിലെടുത്ത് യാത്രപറഞ്ഞിറങ്ങി.
ഡയറിയിലെ ആദ്യത്തെ പരിപാടി നോക്കി. പത്തുമണിക്ക് ആഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറാണ്. 'ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി'യെന്ന വിഷയം. ചെറുചിരിയോടെ ഡയറി മടക്കി പോകാനുള്ള തയ്യാറെടുപ്പു നടത്തി.
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരില്‍ പലരും പങ്കെടുന്നുണ്ട്. കൂട്ടത്തില്‍ സഖാവിനും സംസാരിക്കാനുണ്ട്. സംസാരിക്കാനും കേള്‍ക്കാനും എത്തിപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും റിട്ടയര്‍മെന്‍റ് കഴിഞ്ഞവരാണ്. യുവതയുടെ പൊടിപോലും പരിപാടിക്കില്ല എന്നത് ശ്രദ്ധേയം.
സഖാവ് അതെപ്പറ്റിയാണ് ആലോചിച്ചത്. ആലോചനക്കിടയില്‍ തന്‍റെ ചെറുപ്പചിത്രങ്ങള്‍ മായാതെ, മങ്ങാതെ ഓടിയെത്തി. ഒറ്റനടപ്പാണ് ആലപ്പുഴക്ക്. താമസസ്ഥലത്തുനിന്നും പത്തിരുപത് കിലോമീറ്ററുണ്ട്. ചൊരിമണലിന്‍റെ ചുട്ടുപഴുത്ത കടല്‍ത്തീരത്തെത്തുമ്പോള്‍ സമയം ഏറെ കഴിഞ്ഞിരുന്നു. വിശപ്പോ ദാഹമോ ഒന്നും മനസ്സിന്‍റെ കരുത്തിനെ ചോര്‍ത്തിക്കളഞ്ഞില്ല. എന്തുവന്നാലും ഇഎംസ്സിന്‍റെ പ്രസംഗം കേള്‍ക്കണം. ആ ഒറ്റ ചിന്തയെ മനസ്സിലുണ്ടായിരുന്നുള്ളു. കടല്‍ക്കര ജനസമുദ്രമായിക്കഴിഞ്ഞിരിക്കുന്നു. ബഹുഭൂരിപക്ഷവും ചെറുപ്പക്കാരാണ്. സംസാരിക്കുന്നതും കേള്‍ക്കുന്നതും ചെറുപ്പത്തിന്‍റെ ആവേശത്തുടിപ്പുകളാണ്. തിളച്ചുമറിയുന്ന യുവത്വത്തിന് വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് കാലം കൊണ്ടും, മാറ്റം കൊണ്ടും കണ്ടറിഞ്ഞതാണ്. അതൊരു കാലം... ഓര്‍മ്മച്ചിത്രങ്ങള്‍ക്കിടയില്‍ ആഡിറ്റോറിയത്തിന്‍റെ പടിക്കലെത്തിയതറിഞ്ഞില്ല.
"എന്താ നേരത്തെയെത്തിയോ?"
പൊടുന്നനെയുള്ള ആരുടേയോ പുറത്തുതട്ടിയുള്ള ചോദ്യം. സഖാവിന്‍റെ ഓര്‍മ്മകള്‍ പാതിമുറിഞ്ഞു.
"അതെ. അല്പം നേരത്തെയെത്തി"
പരിപാടികള്‍ക്ക് സമയത്തിനെത്തുകയെന്നത് സഖാവിന്‍റെ ശീലമാണ്. പരമാവധി ഈ സമയക്രമം പാലിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ അതുതെറ്റാറുമുണ്ട്. ഒട്ടേറെക്കാര്യങ്ങള്‍ ഇടയ്ക്കു കയറിവരുമ്പോള്‍, അതും ഒഴിവാക്കാനാവാത്തത് വരുമ്പോള്‍ പെട്ടെന്ന് ഇട്ടെറിഞ്ഞ് വരുവാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ള അവസരങ്ങലില്‍ താമസിക്കാറുണ്ട്.
ആഡിറ്റോറിയവും പരിസരങ്ങളിലും ആളുകള്‍ കൂടിവന്നു. പങ്കെടുക്കാന്‍ എല്ലാ രാഷ്ട്രീയ പ്രസ്ഥനങ്ങള്‍ക്കും ക്ഷണമുണ്ട്. സംവാദസ്വഭാവമുള്ള സെമിനാറായതിനാലാണ് എല്ലാവരേയും സംഘാടകര്‍ ക്ഷണിച്ചത്. പങ്കെടുക്കാനെത്തിയവരില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും വേഷങ്ങളിലേക്ക് സഖാവ് കണ്‍പായിച്ചു. വിലകൂടിയ വെള്ളവസ്ത്രങ്ങള്‍. അവ പ്രത്യേകതരത്തില്‍ അലക്കിത്തേച്ചവ. നല്ലൊരുതുക ഓരോ ദിവസവും വേണ്ടിവരും ഈ വസ്ത്രധാരണത്തിന്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരിലും തിരിച്ചറിയാന്‍ കഴിയാത്ത ഒരു യൂണിഫോമിറ്റി സമീപകാലത്തുണ്ടെന്ന് സഖാവ് ഓര്‍ത്തു. സാധാരണക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട്, ഏതോ അന്യഗ്രഹജീവിയേ അനുസ്മരിപ്പിക്കുന്നതരത്തിലുള്ള വസ്ത്രധാരണം. പൊതുപ്രവര്‍ത്തകനാണെന്നു തിരിച്ചറിയാന്‍ ഇക്കാലത്ത് പ്രവര്‍ത്തനമികവൊന്നും വേണ്ടാ മറിച്ച് വസ്ത്രധാരണത്തില്‍ ഇത്തരം ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതിയെന്ന് ഒരു സരസന്‍ സുഹൃത്ത് പറഞ്ഞത് സഖാവിന്‍റെ ഓര്‍മ്മയിലെത്തി.
സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് വൈസ് ചാന്‍സിലര്‍ സാമാന്യം നന്നായി കാര്യങ്ങള്‍ അവതിരിപ്പിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയുടെ കാര്യം വന്നപ്പോള്‍ ആദ്യസംസാരത്തിന്‍റെ എല്ലാ നന്മയും ചോര്‍ന്നു പോയെന്നു തോന്നി.
രാഷ്ട്രീയ രംഗത്ത് വായനയുടെയും, ശരിയായ ചിന്തയുടേയും കുറവ് എത്രമാത്രമുണ്ടെന്ന് തോന്നാതിരുന്നില്ല. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ, കാഴ്ചപ്പാടില്ലാതെ എങ്ങോട്ടെക്കയോ പായാനുള്ള വ്യഗ്രതയാണ് മുഴച്ചുനില്‍ക്കുന്നത്.
ദുര്‍ഗ്രാഹ്യമായ ചടങ്ങില്‍ നിന്നും സഖാവ് പതിയെ പുറത്തേക്കിറങ്ങി.
"എന്തുപറ്റി സഖാവേ.. സംസാരിക്കുന്നില്ലേ..?"
സഹൃദയന്‍റെ ചോദ്യം.
"ഇല്ല. ഒരു മരണവീട്ടിലെത്തണം. പരിപാടി നടക്കട്ടെ."
സത്യത്തില്‍ അങ്ങനെയൊരാവശ്യം ഉണ്ടായിട്ടല്ല. പക്ഷേ, അസഹ്യമായിടത്തുനിന്നും ഒഴിഞ്ഞുമാറാനുള്ള മനോഭാവം സമീപകാലത്തായി കൂടിവരുന്നു എന്ന തിരിച്ചറിവാണ്.
ചര്‍ച്ചയില്‍ പങ്കെടുത്തവരിലധികവും രാഷ്ട്രീയപ്രവര്‍ത്തനം ബിസിനസ്സായി കാണുന്നവരാണ്. അവരുടെ കച്ചവടക്കണ്ണുകള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ആര്‍ക്കും നീരസം തോന്നാത്തവിധം ആകര്‍ഷകമായി സംസാരിച്ചുകൊണ്ടേയിരിക്കും. അക്കാര്യത്തില്‍ രാഷ്ട്രീയകക്ഷി വ്യത്യാസമില്ല. നിലപാടുകളില്ല. കൃത്യമായ ഒരു കരിയറിസ്റ്റ് മനോഭാവം ഉണ്ടാവും. കരിയറിന് കോട്ടംതട്ടുന്നതൊന്നും ഇക്കൂട്ടര്‍ ചെയ്യില്ല.
സഖാവ് പുറത്തിറങ്ങി നടന്നു. പരിചിതരോട് കുശലാന്വേഷണങ്ങള്‍ നടത്തി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും സ്വന്തമായി ഒരു വാഹനം വേണമെന്നോ, എപ്പോഴെങ്കിലും അത് സ്വന്തമാക്കണമെന്നോ സഖാവിന് തോന്നിയിട്ടില്ല. എല്ലാം താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലെ സാധാരണക്കാര്‍ക്കുണ്ടാവട്ടെയെന്ന ചിന്തമാത്രം.
കശവണ്ടി ഫാക്ടറിക്കുമുന്നിലെ സമരപ്പന്തലില്‍ അല്പനേരമിരുന്നു. തുടക്കകാലം മുതല്‍ ഇന്നോളം ചൂഷണത്തിന് കുറവൊന്നുമില്ലാത്ത വ്യവസായ മേഖലയാണത്. എത്രയോ കാലങ്ങളായി വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നു. എന്തെങ്കിലും ചെറിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് താല്ക്കാലിക ശമനം. പിന്നീട് അതും ലഭിക്കാതാകും. വീണ്ടും സമരം ചെയ്യും. പിന്നേയും പതിവ് ശമനം. ലഭിച്ച ആനുകൂല്യങ്ങള്‍ വരെ നിലനിര്‍ത്താന്‍ സമരം ചെയ്യേണ്ടിവരുന്ന ഒരുനാട് ഇതല്ലാതെ വേറെയില്ലെന്ന് സഖാവ് ഓര്‍ത്തു. സമരക്കാരോട് അക്കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പിന്‍തിരിഞ്ഞ് പോകവെ സമരപ്പന്തലില്‍ നിന്നുള്ള സംസാരശീലുകള്‍ സഖാവിന്‍റെ കാതോളമെത്തി.
"ഇത്തരം പഞ്ചവാപങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ല. കാലത്തിനനുസ്സരിച്ച് മാറാന്‍ കഴിയാത്തവര്‍..."
ആരാണ് പറഞ്ഞതെന്ന് തിരിഞ്ഞുനോക്കി ഉറപ്പുവരുത്താന്‍ സഖാവ് ശ്രമിച്ചില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ത്തന്നെ അയാളോട് വെറുപ്പോ വിദ്വേഷമോയില്ല. പറഞ്ഞതാരായാലും ശരിയല്ലെങ്കിലും അതില്‍ കാര്യമുണ്ടായിരിക്കാം. മാതൃകാ രാഷ്ട്രീയവും മൂല്യവും ഒന്നും ഇക്കാലത്ത് വിലയുള്ളവയല്ലെന്ന തിരിച്ചറിവ്. അന്യായമായ മാര്‍ഗ്ഗത്തിലൂടെ കാര്യം നേടുന്നവരേയും, നേടിക്കൊടുക്കുന്നവരേയും മാത്രമാണ് ആവശ്യമെന്ന പുത്തന്‍ കണ്ടെത്തല്‍. നാടൊട്ടുക്കും അതിന് വലിയ സ്വീകാര്യതയുണ്ടാവുന്നു. അവിടെ തന്നേപ്പോലെയുള്ളവര്‍ വിലകുറഞ്ഞവരാകുന്നു. എന്നെങ്കിലും ഇതിനൊരു മാറ്റമുണ്ടാവാം. ഉണ്ടാവും. മുഖത്തുടിച്ച ചൂടുകാറ്റിനെ കൈപ്പടംകൊണ്ട് പ്രതിരോധിച്ച് സഖാവ് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നടന്നിറങ്ങി.

Comments

Popular posts from this blog