കഥ
രാമപുരം ചന്ദ്രബാബു
കാറ്റുവിതയ്ക്കല്‍

പ്രദേശത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിക്കൊണ്ട് എണ്‍പത്തിയഞ്ചാം വയസ്സില്‍ അഭിമാനത്തോടെ നിന്ന മാത്തച്ചനെ നോക്കി കൂടിനിന്നവര്‍ അത്ഭുതപ്പെട്ടു. ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാകെ തിളങ്ങിനില്‍ക്കുന്നതും മാത്തച്ചന്‍ തന്നെ.
പഞ്ചായത്ത് പ്രസിഡന്‍റ് സിസിലി മാത്തച്ചന്‍റെ കൃഷി അറിവുകളെപ്പറ്റിയും, അദ്ദേഹത്തിന്‍റെ ആരോഗ്യത്തെപ്പറ്റിയും വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ മാത്തച്ചന്‍ ഇടപെട്ടു.
"എടീ പ്രസിഡന്‍റു കൊച്ചേ... ഒന്നു നിര്‍ത്തടീ..."
പ്രസിഡന്‍റിന്‍റെ ആവേശം ഒരു നിമിഷംകൊണ്ട് ആവിയായിപ്പോയി. പിന്നീട് ഒന്നും പറയുവാനില്ലാത്തപോലെ ഒന്നു പരുങ്ങി.
"ഇനി മാത്തച്ചന്‍ ചേട്ടന്‍ പറയും കാര്യങ്ങള്... ല്ലേ"
പ്രസിഡന്‍റ് പ്രസംഗം നിര്‍ത്തി.
മാത്തച്ചന്‍ എഴുന്നേറ്റു.
"എനിക്ക് പ്രസംഗമൊന്നും അത്ര വശംപോരാ... ആകെ അറിയാവുന്നത് പുരേടത്തിലെ ഈ വെട്ടും കെളേമൊക്കെയാണ്. എന്നാലും ഇത്രയധികം പേര് എന്നെപ്പറ്റി പറയുന്നതു കേള്‍ക്കുമ്പോ ചിലത് പറഞ്ഞാകൊള്ളാമെന്നുണ്ട്. കൃഷിക്കാരന്‍ തീറ്റിപ്പോറ്റുന്നവനാണ്... പാലാണ്... തേനാണ്. പിന്നെ പലതുമാണ്. കേള്‍ക്കാന്‍ സുഖമുള്ള വചനങ്ങള്‍. എന്‍റെ മുമ്പിലിരിക്കുന്ന പൈതങ്ങളെ നിങ്ങളാരും ഈ കൃഷിപ്പണി ചെയ്യല്ല്. നിന്‍റെയൊക്കെ പിള്ളേര് വഴിയാധാരമാകും. എന്‍റെ മക്കള് എന്നെ ശപിക്കാത്ത ദിവസങ്ങളില്ല. അവരുടെ നല്ലകാലത്ത് നാലക്ഷരം പഠിക്കാനെക്കൊണ്ട് വിട്ടില്ല. പകരം പാടത്തും പറമ്പത്തും അപ്പനൊപ്പം കൂട്ടി. അവര് നല്ലൊന്നാന്തരം കൃഷിക്കാരാണ്. തരക്കേടില്ലാത്ത വരുമാനോം ഉണ്ട്. പറഞ്ഞിട്ടെന്താ ഒരെണ്ണത്തിനേം കെട്ടാനും, കെട്ടിക്കാനും കഴിഞ്ഞില്ല. ചെക്കന് കൃഷിപ്പണിയാണെന്നു കണ്ടാ ഏതെങ്കിലും പെങ്കൊച്ചുങ്ങളെ അവിടേക്ക് കെട്ടിച്ചുവിടുവോ. അല്ല പ്രസിഡന്‍റേ നിങ്ങടെ മോളെ ഒരു കൃഷിക്കാരനെക്കൊണ്ട് കെട്ടിക്കുവോ"
മാത്തച്ചന്‍ ചേട്ടന്‍ പ്രസിഡന്‍റിനെ നോക്കി. പ്രസിഡന്‍റ് കൃഷിയാപ്പീസറുടെ മുഖത്തുനോക്കി. കൃഷിയാപ്പീസര്‍ മൈക്കുകാരനെ നോക്കി...
മറുപടി കിട്ടില്ലെന്നുറപ്പായപ്പോള്‍ മാത്തച്ചന്‍ തുടര്‍ന്നു. "ഇല്ല. നിങ്ങളെന്നല്ല, ബുദ്ധിയുള്ള ആരും അങ്ങനെ ചെയ്യത്തില്ല. ഞാനൊരു മണ്ടനായതുകൊണ്ട് എന്‍റെ മക്കളെയെല്ലാം കൃഷിക്കാരാക്കി. അവരുടെ ഭാവി തുലച്ചു. സത്യം പറഞ്ഞാല്‍ ഞാനീ വാങ്ങിച്ച പൊന്നാട എന്‍റെ ദേഹത്തിടേണ്ട കോടിയാണ്. അത്രക്ക് വഞ്ചനയല്ലിയോ ഞാനെന്‍റെ മക്കളോട് ചെയ്തെ. സാറന്മാരെ നിങ്ങളൊരു കാര്യം ഓര്‍ക്കണം. സര്‍ക്കാരാഫീസിലെ പീയൂണിന്‍റെ വെലപൊലുമില്ല ഈ കര്‍ഷകനെന്നു പറയുന്ന വര്‍ഗ്ഗത്തിന്. സമൂഹത്തില്‍ മാന്യതയുണ്ടെങ്കിലെ ഏതു തൊഴിലും തൊഴിലാകൂ. ആ മാന്യത എന്നു കര്‍ഷകന് കിട്ടുന്നോ അന്നു മാത്രമെ നമ്മുടെ കൃഷി മെച്ചപ്പെടുകയുള്ളു. അല്ലാതെ ഇതൊന്നും തന്നതുകൊണ്ടോ, കോടി പുതപ്പിച്ചതുകൊണ്ടോ നമ്മുടെ കൃഷി മെച്ചപ്പെടുകയില്ല. വിവരം കൊറഞ്ഞ ഞാമ്പറഞ്ഞത് അത്ര കാര്യമായിട്ടെടുക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നറിയാം. എന്നാലും നട്ടുനനച്ചുണ്ടാക്കുന്നവന്‍റെ വെളിപാടായിക്കണ്ടാമതി. എന്തേ..."
മാത്തച്ചന്‍ എന്ന എണ്‍പതുകാരന്‍ വിതച്ച ആശയവിത്തുകള്‍ മുളപൊട്ടി കരുത്തോടെ വളരാന്‍ തുടങ്ങി. അവ പഞ്ചായത്തതിര്‍ത്തിയും ദേശങ്ങളും രാജ്യങ്ങളും കടന്ന് യാത്രപോയി. ഭൂമിയിലുള്ള എല്ലാ കര്‍ഷകന്‍റെയും കര്‍ണ്ണപുടങ്ങളെ ലക്ഷ്യംവച്ച്....

Comments

Popular posts from this blog