അബു ഹാജര്‍
കഥ/രാമപുരം ചന്ദ്രബാബു
ദൈവത്തിന് നിശ്ചയമുണ്ടായിരുന്നിരിക്കണം. ഈ ഭൂമിയിലെ ഓരോ മനുഷ്യരും എന്തൊക്കെ ചെയ്യണം. ചെയ്യരുതെന്ന്. പക്ഷേ; നിയോഗരഹസ്യത്തെ കടപുഴക്കി വിരുദ്ധമായ പ്രവര്‍ത്തികള്‍ക്കുവേണ്ടി സമയം ചിലവഴിക്കാനായിരുന്നു അവരില്‍ പലര്‍ക്കും താല്പര്യം. ഒരു പക്ഷേ, ഈ വിരുദ്ധതയുടെ ആകെത്തുകയായിരിക്കും ജീവിതമെന്ന് വ്യാഖ്യാനിക്കാനായിരുന്നു അബു ഇഷ്ടപ്പെട്ടിരുന്നത്.
അബുവിനോട് കല്പനപ്രകാരം പറഞ്ഞിരുന്നത് ദൈവവചനങ്ങള്‍ ഉരുവിട്ട് ഹൃദുസ്തമാക്കി അത് മാനവരാശിക്ക് പകരാനായിരുന്നു. പക്ഷേ; അബുവിനിഷ്ടം വചനങ്ങളുടെ വിമര്‍ശകനാകാനായിരുന്നു. ലോകം ഇത്രമേല്‍ വികസിച്ചിട്ടില്ലാത്ത, അറിവിന്‍റെ ഉറവവറ്റിയ ഒരു മുന്‍കാല തലമുറകളുടെ അര്‍ദ്ധ അജ്ഞതക്കുമുന്നില്‍ ഉപദേശിക്കപ്പെട്ട വചനങ്ങള്‍! അവ തെറ്റുകളുടെ പടുകൂമ്പാരമായിരുന്നുവെന്ന് അയാള്‍ ഉറക്കെ പ്രഖ്യാപിച്ചു. സ്വജീവിതത്തിന്‍റെ താളപ്പിഴകള്‍ ഉദാഹരിച്ചുകൊണ്ടുള്ള സത്യസന്ധമായ നിരീക്ഷണത്തെ തള്ളിപ്പറയാന്‍ ആര്‍ക്കും ആവുമായിരുന്നില്ല. ഒരുപക്ഷേ കടുത്ത യുക്തിബോധത്തില്‍ നിന്നും ഉടലെടുത്ത അഭിപ്രായപ്രടനവുമാകാം. എന്തുതന്നെയായാലും തള്ളിക്കളയത്തക്ക ഒന്നായിരുന്നില്ല അയാളുടെ അഭിപ്രായം.
-ബാപ്പ ഒരു സഞ്ചാരിയായിരുന്നു. കണ്ടനാടുകളിലൊക്കെ തോന്നുംപടി കച്ചവടം നടത്തും. ഇന്ന കച്ചവടമെന്നു പറയാനാവില്ല. ഒരുപക്ഷേ ബാപ്പ ചെയ്യാത്ത കച്ചവടത്തെക്കുറിച്ച് പറയുന്നതാവും ശരി. എണ്ണിയാലൊടുങ്ങാത്ത കച്ചവടങ്ങള്‍! ഓരോ ദേശവും, ഭാഷയും, ആഹാരരീതികളും, ബന്ധങ്ങളും ബാപ്പക്ക് സുപരിചിതം. ആ ബന്ധങ്ങളിലൊക്കെ പിറവികൊണ്ട അബുവിനെപ്പോലെയുള്ള അനേക ജന്മങ്ങള്‍!-
കടുത്ത നിശബ്ദത തളംകെട്ടി നില്‍ക്കുന്ന സെല്ലില്‍, തനിച്ചിരുന്ന് ഉമ്മ പറയുമായിരുന്ന വാക്കുകള്‍ അബു തന്നോടുതന്നെ പറഞ്ഞുതുടങ്ങി;
-ജനിച്ചവര്‍ മരിക്കുംവരെ ഈ ദുനിയാവില്‍ ദൈവങ്ങള്‍ക്കൊപ്പം ജീവിക്കുമെന്ന് ബാപ്പ കണ്ടിരുന്നിരിക്കണം. കൃത്യമായ നിസ്കാരവും, ദൈവഭക്തിയും കൊണ്ട് ദൈവത്തിന്‍റെ ചിട്ടയായ വചനരീതിക്കൊപ്പം ജീവിച്ചവനെന്ന ഖ്യാതി. പക്ഷേ ഈ കണ്‍കെട്ട് വിദ്യക്കൊപ്പം അദ്ദേഹം മറന്നുപോയത് എന്‍റെ ഉമ്മയെപ്പോലെയുള്ളവരുടെ ജീവിതമായിരുന്നു.-
-എങ്ങനെ വിശ്വസിക്കാതിരിക്കും. ബാപ്പ ദൈവവചനങ്ങള്‍ പറയുന്നതുകേട്ടാല്‍ ദൈവംപോലും വിശ്വസിച്ചുപോകും. ഞാനും വിശ്വസിച്ചു. എന്നേപ്പോലെ എത്രയോപേര്‍... അവരെല്ലാം വിശ്വസിച്ചു. ആ വിശ്വാസമാണ് എല്ലാവരേയുംപോലെ എന്നെയും ഈ നിലയിലാക്കിയത്. പിന്നെ എല്ലാം പടച്ചോനെ എല്‍പിച്ചങ്ങ് ജീവിച്ചു പോരുന്നു. ഇങ്ങനെയും ജീവിക്കാം. ഒന്നുമില്ലെങ്കിലും എല്ലാം ഉള്ളതുപോലൊരു ജീവിതം. ഒരുപക്ഷേ; എല്ലാ ഇല്ലായ്മക്കാരന്‍റെയും ജീവിതം ഇതുപോലെയാവും...- സംസാരത്തിന്‍റെ ഒടുവിലെ നിശ്വാസം എല്ലാ ദുഃഖങ്ങളുടേയും പുകമറകൊണ്ട സത്യങ്ങളായിരുന്നു.
-അബൂ... നിനക്കൊരു സന്ദര്‍ശകനുണ്ട്.-
ജെയിലറുടെ വാക്കുകള്‍ അബുവിനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. ആഴമുള്ള ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ ഒരു ഉറക്കച്ചടവിന്‍റെ ലക്ഷണത്തോടെ അയാള്‍ വിസിറ്റേഴ്സ് കോര്‍ണറിലേക്ക് നീങ്ങി.
കോര്‍ണറിന്‍റെ മറപറ്റി നിന്നിരുന്ന ആളെ മനസ്സിലാക്കിയപ്പോള്‍ ആദ്യമൊന്ന് പകച്ചു. തന്‍റെ എക്കാലത്തേയും പ്രതിയോഗി. അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നിയത്. തന്‍റെ ജീവിതത്തില്‍ മറക്കാനാവാത്ത മുറിപ്പാടുകള്‍ സമ്മാനിച്ചയാള്‍! അബു ഒരുനിമിഷം ചെറുപ്പത്തിലേക്ക് കൂപ്പുകുത്തി. തലത്തൊപ്പിവച്ച അനേകം കുട്ടികള്‍ക്കൊപ്പം ഒരുവനായി ഓത്തുപള്ളിയിലേക്കുള്ള യാത്ര! നിമിഷങ്ങള്‍ക്ക് എന്തുവിലനല്‍കേണ്ടിവരുമെന്ന് അറിഞ്ഞിരുന്നത് ഈ ഓത്തുപള്ളിയിലേക്കുള്ള യാത്രയിലായിരുന്നു. തലേന്നാളത്തെ പട്ടിണിയുടെ ക്ഷീണത്തോടെയുള്ള യാത്ര. ഒരല്പം താമസിച്ചുപോയാല്‍ മുക്രിയില്‍ നിന്നും ഏല്ക്കേണ്ടിവരുന്ന കൊടിയശിക്ഷ. ഒരുപക്ഷേ, അതേറ്റവും കൃത്യമായി ഏറ്റുവാങ്ങിയിട്ടുള്ളത് താനായിരിക്കും. ശരീരത്തിലിപ്പോഴും കട്ടപിടിച്ച ചോരപ്പാടുകള്‍ അവയൊക്കെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇപ്പോഴുമുണ്ടാവും.
മുക്രിയുടെ മുഭാവത്തില്‍ സംഭവിച്ച കാലോചിതമായ മാറ്റത്തില്‍ അബു അത്ഭുതപ്പെട്ടു. അയാളില്‍ ഒരു മനുഷ്യന്‍റെ സ്ഥായീഭാവമുണ്ടായിരിക്കുന്നു. അനുകമ്പയുടെ ഒരു ലാഞ്ചന. മാറ്റത്തിന്‍റെ വിത്തുപാകിയത് ജീവിതയാഥാര്‍ത്ഥ്യമോ? അതോ ദൈവത്തിന്‍റെ കൈയ്യോപ്പോ? എന്തുതന്നെയായാലും തന്‍റെ മുന്നില്‍ നില്‍ക്കുന്ന ഈ മനുഷ്യനിന്ന് വലിയൊരുമാറ്റത്തിന്‍റെ പിടിയിലാണെന്ന് വ്യക്തം.
-അബൂ..-
മുക്രിയുടെ ശബ്ദത്തിലെ മൃദുത്വം അബു അനുഭവിച്ചറിഞ്ഞു.
-എനിക്ക് നിശ്ചയമുണ്ട്. ഇപ്പോഴും നീ ആ പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണെന്ന്... തെറ്റുകള്‍ അറിഞ്ഞുകൊണ്ടു ചെയ്യുമ്പോഴാണ് പടച്ചവന്‍ പൊറുക്കാത്തത്. ശരിയാണെന്ന് നിനച്ച് ചെയ്ത തെറ്റുകള്‍ക്ക് തീര്‍ച്ചയായും മാപ്പുണ്ടാകും. നിന്നോട് ചെയ്തുപോയ തെറ്റുകള്‍ക്ക് എനിക്ക് മാപ്പുനല്കാനാകും.-
അയാളുടെ ദയനീയമായ അവസ്ഥകണ്ട് ഒരുചെറുചിരി വരുത്താനാണ് അബുവിന് തോന്നിയത്.
-വരവിന്‍റെ....
അബുവിന്‍റെ ചോദ്യത്തുടക്കത്തില്‍ തന്നെ മുക്രി മറുപടി പറഞ്ഞു:
-നെന്നേ... ഒന്നു കാണുക. ഇത്തിരിനേരം സംസാരിക്കുക. ആശ്വാസിപ്പിക്കാന്‍ വേണ്ടിയല്ല. എന്‍റെ മനസ്സിനെ സമാധാനിപ്പിക്കാന്‍വേണ്ടി മാത്രം!-
-ഒക്കെ എന്‍റെ തെറ്റാ. മൈനയെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ എനിക്കായില്ല.
അയാളുടെ കുമ്പസാരത്തില്‍ നീരസപ്പെട്ട് കൈ കൊണ്ട് അബു അയാളെ വിലക്കി.
ഇരുവരും പറയാതെ പറഞ്ഞ് മൗനത്തിന്‍റെ വാചാലതയില്‍ എത്രനേരമെന്നറിയാതെ ഇരുന്നു. ഒടുവില്‍ സന്ദര്‍ശനസമയം കഴിഞ്ഞതായുള്ള വാച്ചറുടെ ശബ്ദം. ഇരുവരും ഞെട്ടലോടെ പിന്‍തിരിഞ്ഞു. ഒരിക്കല്‍പ്പോലും കരഞ്ഞുകണ്ടിട്ടില്ലാത്ത, കാഠിന്യത്തിന്‍റെ പ്രതിരൂപമായ മുക്രി അന്നാദ്യമായി കണ്ണുതുടക്കുന്നത് അബു കണ്ടു.
സെല്ലില്‍ തനിച്ചിരുന്ന് വീണ്ടും അബു പഴയലോകത്തേക്ക് ഊളിയിട്ടു.
പണ്ടകശാലയില്‍ നല്ലതിരക്കുണ്ട്. മൈനയുടെ ബാപ്പ കോയാത്തങ്ങള്‍ കച്ചവടത്തിന്‍റെ തിരക്കിലാണ്. കിഴക്കന്‍ മലനിരയില്‍ നിന്നും കര്‍ഷകര്‍ കൊണ്ടുവരുന്ന മലഞ്ചരക്കുകള്‍ മൊത്തമായും, ചില്ലറയായും വാങ്ങിക്കൂട്ടുന്ന തിരക്കിലാണയാള്‍. ബാപ്പയുടെ പഴയൊരു സ്നേഹിതനായതിനാല്‍ അബുവിനോട് ഒരു പ്രത്യേക വാല്‍സല്യം അയാള്‍ക്കുണ്ട്. എങ്കിലും ഒറ്റനോട്ടത്തില്‍ ഗൗരവപ്രകൃതക്കാരന്‍. പക്ഷേ മൈനക്ക് അബുവെന്നു പറഞ്ഞാല്‍ ജീവനാണ്. ആരും കാണാതെ അബുവിനോട് സംസാരിക്കുവാന്‍ അവള്‍ നേരം കണ്ടെത്തും. അബു നേരംപോക്കു പറയുന്ന ആളല്ല. അയാള്‍ക്ക് അയാളുടേതായ ന്യായീകരണങ്ങള്‍ ഏതുകാര്യത്തിലുമുണ്ടാകും. സാധാരണക്കാര്‍ക്ക് അത്രവേഗം മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാകും മിക്കപ്പോഴും.
-എന്തിന് എന്നെക്കാണുമ്പോള്‍ ഈ ഒഴിഞ്ഞുമാറ്റം?-
-നിന്‍റെ ബാപ്പ എന്‍റെ ചോറാണ്-
-ഇങ്ങനെ വലിയവര്‍ത്തമാനം പറഞ്ഞ് എന്നെ പിന്‍തിരിപ്പിക്കാന്‍ നോക്കണ്ട.
അവളുടെ സംസാരം ഇഷ്ടപ്പെടാത്തതുപോലെ അബു അവളെ രൂക്ഷമായി ഒന്നുനോക്കി. മൈനയുടെ സംസാരവും ഇടപെടലും അടുത്തിടയായി അത്ര പന്തിയല്ല. ഏതുനേരവും അവള്‍ക്ക് തന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കണം. വഴക്കുകൂടണം. ഓരോ തവണ അവള്‍ അതിനൊക്കെ ശ്രമിക്കുമ്പോഴും അതില്‍ നിന്നും പിന്‍തിരിപ്പിക്കുവാനും, ശണ്ഠകൂടാനും ശ്രമിച്ചിട്ടുണ്ടെങ്കിലും അവള്‍ പിന്‍മാറുന്ന ലക്ഷണം കാണുന്നില്ല. ഒന്നുകില്‍ മൈനയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക. പ്രണയിക്കുക. അല്ലെങ്കില്‍ എന്നന്നേക്കുമായി ഇവിടംവിടുക. അബു രണ്ടാമത്തെ തീരുമാനത്തിലുറച്ചുനിന്നു.
-എടാ... നിനക്കിന്ന് ഭക്ഷണം വേണ്ടേ?-
വാര്‍ഡന്‍റെ സംഭാഷണം അബുവിനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണസമയം അറിയിച്ചുകൊണ്ടുള്ള സൈറന്‍മുഴക്കംപോലും അയാള്‍ കേട്ടിരുന്നില്ല. നിസംഗതയോടെ അബു തന്‍റെ പാത്രവുമായി ക്യൂവിന്‍റെ അവസാനഭാഗത്ത് നിലയുറപ്പിച്ചു.
-നിനക്കിനി റിലീസാകാന്‍ ഏതാനും ദിവസങ്ങളല്ലേയുള്ളു അബൂ-
കുട്ടത്തില്‍ നിന്നും സഹതടവുകാരന്‍റെ ചോദ്യം.
-ഉം
അബുവൊന്നു മൂളി. അത്രമാത്രം!
നാട്ടിലേക്കുള്ള യാത്രയെക്കുറിച്ച് അയാള്‍ ചിന്തിക്കാതിരുന്നില്ല. അതിന് കാരണം അല്പം മുമ്പെത്തെ സഹതടവുകാരന്‍റെ ചോദ്യം തന്നെയായിരുന്നു. വേണ്ടപ്പെട്ടവരാല്‍ വെറുക്കപ്പെട്ടവര്‍ ഒരിക്കലും നാട്ടിലേക്കോ, സ്വന്തം വീട്ടിലേക്കോ പോകാന്‍ പാടില്ലെന്ന അഭിപ്രായമാണ് അബുവിനുള്ളത്. തന്നെ സംബന്ധിച്ചിടത്തോളം സത്യം അറിയാവുന്നത് തനിക്കുമാത്രമാണ്. പിന്നെ, മൈനക്കും. പക്ഷേ അവളിന്ന് ആ സത്യം വിളിച്ചുപറയാന്‍ ജീവിച്ചിരിപ്പില്ല. എങ്കിലും താന്‍ ഒരിക്കലും തെറ്റുകാരനല്ലെന്ന ബോധം തനിക്കുണ്ട്. പക്ഷേ, അതൊക്കെ ആരറിയാന്‍? ആരു കേള്‍ക്കാന്‍?
അബു പരിസരം മറന്നപോലെ ആ ചോദ്യം പലയാവര്‍ത്തി പറഞ്ഞുകൊണ്ടിരുന്നു. തെറ്റുചെയ്യാതെ ഒരു ജീവപര്യന്തം അനുഭവിച്ചവന്‍. പിന്നീട് സത്യം അറിഞ്ഞാല്‍ത്തന്നെ അനുഭവിച്ച നരകയാതന ആര്‍ക്കുപങ്കുവയ്ക്കാനാവും. ആര്‍ക്കും തിരിച്ചെടുക്കാനോ, തിരുത്താനോ കഴിയാത്ത വിധി. ഇങ്ങനെ എത്രപേര്‍ സ്വന്തം ജീവിതം ചെയ്യാത്ത തെറ്റുകളുടെ പേര്‍ക്ക് അനുഭവിച്ചിട്ടുണ്ടാവും?
എതിരായതെളിവുകളുടെ പിന്‍ബലത്താല്‍ ചെയ്യാത്തതെറ്റിന് ശിക്ഷിക്കപ്പെടുന്നവരും, തെളിവില്ലെന്ന കാരണത്താല്‍ ചെയ്തതെറ്റില്‍ ഇളവുകിട്ടി ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നവരും. നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതിനേക്കാള്‍ ഭയാനകമായി മറ്റെത്തുണ്ട് ഭൂമിയില്‍. അതൊരുപക്ഷേ അനുഭവിച്ചവര്‍ക്കുമാത്രമെ അതിന്‍റെ ഭീകരതയെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. അബുവെന്ന ഞാന്‍ പറയുന്നു. മരണം ഏതൊരാളിലും എപ്പോഴും ഭീതിവിതക്കുന്നു. എന്നാല്‍ ഇത്തരമൊരവസ്ഥയില്‍ മരണമെന്ന ഭീതിയെ ഇഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
ജയില്‍വാസത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ കേട്ടുരസിക്കുന്ന വാര്‍ഡന്മാരില്‍ വിശ്വസിക്കാന്‍ കഴിയുന്നൊരാള്‍ ജോര്‍ജ്ജാണ്. അയാള്‍ ഒരു സത്യക്രിസ്ത്യാനിയായതുകൊണ്ടു മാത്രമല്ല. സംശുദ്ധമായ ജീവിതം നയിക്കണമെന്ന വിശ്വാസക്കാരന്‍ കൂടിയാണ്. പലപ്പോഴും ഒരു സംവാദതലത്തിലേക്ക് അബുവിന്‍റെയും ജോര്‍ജ്ജിന്‍റെയും സംഭാഷണം എത്തിച്ചേരാറുണ്ട്. പരസ്പര ബഹുമാനമുള്ളിടത്തുമാത്രമെ സൗഹൃദത്തിന് ആയുസ്സുള്ളുവെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഇരുവരും. അതുകൊണ്ടുതന്നെ അതൊരു കേവല നേരമ്പോക്ക് ചര്‍ച്ചയാവാറുമില്ല.
-അബൂ... നീ പറഞ്ഞതുവച്ചു നോക്കുമ്പോള്‍ ശരിക്കും ആരാവും ആ കൃത്യം നിര്‍വ്വഹിച്ചിരിക്കുക?-
വാര്‍ഡന്‍ ജോര്‍ജ്ജിന്‍റെ സംശയങ്ങള്‍ക്ക് പൊടുന്നനവെ ഒരുത്തരം നല്‍കാന്‍ അബുവിനായില്ല. പലരും മനസ്സിലേക്ക് തള്ളിക്കയറിവന്നു. പക്ഷേ, കേവലമായ സംശയത്തിന്‍റെ പുറത്ത് ആരേയും പ്രതിചേര്‍ക്കുവാന്‍ കഴിയില്ലല്ലോ. ഒരു കാര്യം അബുവിന് ഉറപ്പുണ്ട്. താന്‍ ഇരുമ്പഴിക്കുള്ളില്‍ കഴിച്ചുകൂട്ടുന്നതിലും കൂടുതല്‍ മനോവേദന ഇരുമ്പഴിക്കു പുറത്തുള്ള ശുദ്ധവായു അനുഭവിച്ചു കൊണ്ട് അപരാധി കഴിച്ചുകൂട്ടുന്നുണ്ടാവാം.
-നീ ഒന്നും പറഞ്ഞില്ല.-
-എന്തു പറയാന്‍... എല്ലാം കാലം തെളിയിക്കുമെന്ന് നമുക്ക് വിശ്വസിക്കാം-
ജോര്‍ജ്ജ് പോയിക്കഴിഞ്ഞിട്ടും അസ്വസ്തമായ മനസ്സ് എങ്ങുമുറയ്ക്കാതെ, എന്നാല്‍ പലതിലും ഉടക്കി നിന്നു. ഒടുവില്‍ മൈനയുടെ ബാപ്പ കോയാത്തങ്ങളുടെ ദേഷ്യംപെട്ട മുഖത്തിലുടക്കി നിന്നു.
-അബൂ... നെന്‍റെ സാമൂഹ്യ സേവനോം കച്ചോടോം കൂടെ നടക്കത്തില്ല. നാടുനന്നാക്കിനിരങ്ങീരിക്കുന്നു. അന്‍റെ ബാപ്പ നല്ലൊരു നാടുനന്നാക്കലുകാരനാരുന്നു.-
കോയാത്തങ്ങളുടെ പരിഹാസം കലര്‍ന്ന സംസാരത്തിന് മറുപടി പറയണമെന്ന് അബുവിനുണ്ടായിരുന്നു. പക്ഷേ, വിവരത്തിന്‍റെ കണികപോലും അവശേഷിച്ചിട്ടില്ലാത്ത അയാളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനറിയാം. ഉയര്‍ന്നുവന്ന പ്രതിഷേധം തൊണ്ടയില്‍ ഒതുക്കി. പൊതുപ്രവര്‍ത്തകരില്‍ ചിലര്‍ അഴിമതിക്കാരും അക്രമണകാരികളും ആയിട്ടുണ്ടാവാം. എന്നാലും കുറെ അധികം പേര്‍ തങ്ങളുടെ ആയുസ്സും അധ്വാനവും പൊതുസേവനത്തിനുവേണ്ടി മാറ്റിവച്ചിരിക്കുന്നു. അങ്ങനെയുള്ളവരുടെ നിസ്വാര്‍ത്ഥസേവനത്തിന്‍റെ ഗുണഫലങ്ങളാണ് സാധാരണക്കാര്‍ അനുഭവിക്കുന്നത്. അത് അബുവിന് നന്നായറിയാം. അതുകൊണ്ടുതന്നെ സമയം കിട്ടുമ്പോഴൊക്കെ അയാള്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തയ്യാറുമാണ്.
പക്ഷേ, കാലം കാത്തുവച്ചിരുന്നപോലെ കോയാത്തങ്ങളുടെ മരണം. ദുരൂഹതയുള്ള മരണത്തിന്‍റെ ഉത്തരവാദിത്വം എങ്ങനെയാണ് തനിക്കൊപ്പം വന്നുചേര്‍ന്നത്? മരണകാരണമായ ആ കത്തി തന്‍റെ വാസസ്ഥലത്ത് ആരായിരിക്കും കൊണ്ടെത്തിച്ചത്. കോയത്തങ്ങളുടെ പണപ്പെട്ടിയും അയാളുടെ വാച്ചും ഒക്കെ കൃത്യമായ തെളിവാക്കി മാറ്റിയത് ആരാണ്? ചോദ്യങ്ങളും അതിന്‍റെ നിശ്ചയമില്ലാത്ത ഉത്തരങ്ങളും അബുവിന്‍റെ മനസ്സില്‍ക്കിടന്ന് പുളഞ്ഞു.

Comments

Popular posts from this blog