പുസ്തകനിരൂപണം
കാക്കാമൂല മണി
"നെഞ്ചേറ്റുന്ന കാലംസാക്ഷി"

കേരളത്തിലെ പുസ്തകപ്രസാധകരില്‍ അധികവും കഥകള്‍ അച്ചടിച്ചിറക്കുന്നതില്‍ ശ്രദ്ധയും, താല്പര്യവുമുള്ളവരാണ്. നിരന്തരം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ യഥേഷ്ടം വിറ്റഴിയുന്നുമുണ്ട്. വായന മരിക്കുകയാണെന്ന് മുറവിളി കൂട്ടുമ്പോഴും നല്ല കഥകള്‍ വായിക്കപ്പെടുന്നു എന്നതിന്‍റെ തെളിവാണത്.
ഇതാ ഒരു പുസ്തകം!
കഥകളുടെ പൂക്കാലമാണ് ഇവിടെ വിരിഞ്ഞിറങ്ങുന്നത്. നൂതനാശയങ്ങളുടെ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച് ആരെയും ആനന്ദാനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിക്കാന്‍ കെല്‍പ്പുള്ള ഒരു മാന്ത്രിക വിദ്യ! അതാണ് പ്രശസ്ത സാഹിത്യകാരനായ രാമപുരം ചന്ദ്രബാബുവിന്‍റെ 'കാലംസാക്ഷി'
തെരഞ്ഞെടുത്ത അന്‍പത്തിമൂന്ന് ചെറുകഥകളുടെ സമാഹാരമാണ് 'കാലംസാക്ഷി.' ഒളിമങ്ങാത്ത മാനവസംസ്കൃതിയുടെയും ജീവിത വൈചിത്ര്യങ്ങളുടേയും നേര്‍ക്കാഴ്ച!
ഈ കൃതിയിലെ ആദ്യകഥയായ 'കടല്‍' ഹൃദ്യമായ ഒരനുഭവമാണ്. കണ്ടുകണ്ടു നില്‍ക്കെ കടലിന്‍റെ മുഖം ഏതെല്ലാം ഭാവത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്നത്?
വിയര്‍പ്പും കണ്ണീരും കൊണ്ട് കെട്ടിപ്പൊക്കിയ ലാസറിന്‍റെ വീട് കടല്‍ കാര്‍ന്നുതിന്നുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ആ ഗൃഹനാഥന്‍ നെഞ്ചുകത്തി ഞെരിപിരികൊള്ളുന്നത് ഒരു വേദനയായി വായനക്കാരന്‍റെ മനസ്സിലും നീറിപ്പടരാതിരിക്കില്ല. അഷ്ടിക്കുവകയുണ്ടാക്കാന്‍ കടലില്‍പോയ സ്വന്തം മകന്‍റെ തിരിച്ചുവരവു കാണാന്‍ വ്യഗ്രതകൊള്ളുന്ന ആ പിതാവിന്‍റെ മനസ്സുരുക്കം അവാച്യം തന്നെ.
ആ കൊച്ചുവീട്ടില്‍ ഒരമ്മയുടേയും കുഞ്ഞിന്‍റെയും ഞരക്കങ്ങള്‍ ഒരു ചോദ്യചിഹ്നം പോലെ ഇടയ്ക്കിടെ ഉയര്‍ന്നുവരുന്നുണ്ട്. കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോഴും മരിച്ചുപോയ ഭാര്യയുടെ, അലകടലിന്‍റെ അനന്തതയിലേക്കുള്ള സ്നേഹപൂര്‍ണ്ണമായ വിളി ഒരു കിനാവിലെന്നപോലെ ലാസര്‍ തിരിച്ചറിയുന്നു. ഒടുവില്‍ ചവുട്ടിനില്‍ക്കുന്ന മണ്ണും ഒലിച്ചുപോകുമെന്ന് ഉറപ്പായപ്പോള്‍ അയാള്‍ നിരാശ്രയനായി നെഞ്ചുപൊട്ടി നില്‍ക്കുന്നതുകാണാം.
കടലും കാറ്റും കടപ്പുറത്തെ ജീവിതവുമെല്ലാം എത്ര മനോഹരമായിട്ടാണ് രാമപുരം ചന്ദ്രബാബു അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കഥപറയല്‍ രീതിക്ക് ഒരു പ്രത്യേക ചന്തമുണ്ടെന്ന് പറയാതെ വയ്യ!
അപൂര്‍വതയുടെ തുരുത്ത്, യാത്രതിരിക്കുന്നവര്‍, ചെറിയ ചില പ്രതീക്ഷകള്‍, റൂസാന്‍ തുടങ്ങിയ കഥകള്‍ ആവേശപൂര്‍വ്വം വായിക്കാവുന്നതാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തതപുലര്‍ത്തുന്ന ഒരു കഥയാണ് 'ഡേവിസ് കുന്നത്തിന്‍റെ ഡയറിക്കുറിപ്പുകള്‍' ജൂലിയെന്ന സ്ത്രീയെ സ്നേഹഭാവം നടിച്ച് അതിവിദഗ്ധമായി ചൂഷണം ചെയ്യുന്ന ഒരു ഡോക്ടറെ ഇതില്‍ വരച്ചിട്ടിട്ടുണ്ട്. അയാളുടെ ഹോസ്പിറ്റലില്‍ പണിയെടുപ്പിച്ച് ചന്തവും സൗകുമാര്യവും നഷ്ടപ്പെടുമ്പോള്‍ ജൂലിയെ ബോധപൂര്‍വ്വം ഒഴിവാക്കാനുള്ള ഡോക്ടറുടെ കുതന്ത്രങ്ങള്‍, സ്ത്രീവര്‍ഗ്ഗത്തോടുതന്നെ കാട്ടുന്ന കടുത്ത വഞ്ചനയായി സൂചിപ്പിക്കപ്പെടുന്നു. അതിനിടയില്‍ നൈരാശ്യത്തിന്‍റെ പിടിയിലമര്‍ന്ന് മദ്യാസക്തിയില്‍ മുങ്ങിത്താണുകൊണ്ടിരുന്ന ജൂലിയുടേയും ഡേവിസിന്‍റെയും സ്നേഹബന്ധം അപവാദശരങ്ങളില്‍ തട്ടി ഉടയാതെ പരമപവിത്രമായി നിലനില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുറെ വേദനകള്‍ സമ്മാനിച്ച് കഥ ക്ലൈമാക്സിലേക്ക് കടക്കുന്നത്.
രാമപുരം ചന്ദ്രബാബുവിന് കഥ പറഞ്ഞുപോകാന്‍ ഒരു പ്രത്യേക ശൈലിയുണ്ട്. അത് ഒരിടത്തും മുഷിപ്പിക്കുന്നില്ല.
ഇരുള്‍ പരക്കുന്ന ഗ്രാമവഴികളിലൂടെ വൃദ്ധന്‍ ചുവടുവയ്ക്കുമ്പോള്‍ ഒരു മഹാദുരന്തത്തിന്‍റെ സ്മൃതിയുണര്‍ത്തുന്ന വേദനയാണ് ഉള്ളില്‍ തീമഴപോലെ ആര്‍ത്തലക്കുന്നത്. അനേകം ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും കുഴിച്ചുമൂടപ്പെട്ട ശവപ്പറമ്പില്‍ അയാളൊന്നു ടോര്‍ച്ചുമിന്നിച്ച് നിശബ്ദം നിന്ന് നെടുവീര്‍പ്പിടുന്നതുകാണാം.
നഷ്ടപ്പെടലിന്‍റെയും ഒറ്റപ്പെടലിന്‍റെയും വേട്ടയാടപ്പെടലിന്‍റെയുമൊക്കെ വിഷാദവും വേദനയും കഥാകൃത്തിനു താങ്ങാനാവുന്നില്ല. അതുകൊണ്ടുതന്നെ മൂര്‍ച്ചയേറിയ വാക്കുകളില്‍ അതു പ്രകടിപ്പിക്കുന്നുണ്ട്.
പാറാണിക്കാവിലെ പ്രഭാതങ്ങള്‍ എന്ന കഥ ഗ്രാമാന്തരീക്ഷത്തിന്‍റെ പരിശുദ്ധി ഉണര്‍ത്തിവിടുന്നു; ഒരു കാത്തിരിപ്പിന്‍റെ പ്രത്യേകതയും.
ഏതു പ്രഭാതത്തിലാണ് ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്ന, കാത്തിരിക്കുന്ന ആ മനുഷ്യന്‍ എത്തുക?
അയാള്‍ വരും.
ആര്‍ഭാടമായി, ആഘോഷമായി അയാള്‍ വരാതിരിക്കില്ല. കാത്തിരിപ്പിനൊടുവില്‍ ആ മനുഷ്യന്‍ വന്നപ്പോള്‍ ജനം ആകാംഷയോടെ ചോദിച്ചു.'ഇത് നമ്മുടെ വാസുവല്ലേ?'
'അതെ... വാസുതന്നെ. മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ ഒരു സമസ്യയായിത്തീര്‍ന്ന വാസു...
രാമപുരം ചന്ദ്രബാബു എത്ര അനായാസമാണ് സരളമായ കൊച്ചുകൊച്ചു വാക്കുകള്‍കൊണ്ട് കഥകളുടെ കണ്ണാടിമാളിക പണിതുയര്‍ത്തുന്നത്!
കടല്‍ക്കരയിലെ വിളക്കുമാടങ്ങളും, രണ്ടുസെന്‍റും, ഇണചേരലിന്‍റെ നാനാര്‍ഥങ്ങളുമൊക്കെ മനസ്സില്‍ മഴവില്ലു തീര്‍ക്കുന്ന കഥകളാണ്. നിലയ്ക്കാത്ത ചിരിയില്‍ ഭ്രാന്തന്‍ ദാവീദിനെ മെനഞ്ഞുവെച്ച കൈയൊതുക്കവും കഥനപാടവവുമൊക്കെ പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് ഗുണകരമാകാതിരിക്കില്ല. ഭ്രാന്തന്‍ ദാവീദ് തലയെടുപ്പുള്ള, ഒരിക്കലും വിസ്മരിക്കാനാവാത്ത കരുത്തന്‍ കഥാപാത്രമാണ്. തെറിപ്പാട്ടും തോന്ന്യാസവും പാടി നടക്കുന്ന ആ മനുഷ്യന്‍റെ പ്രസ്താവനകളും പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാകുന്നത് അത്ഭുതത്തോടെ, ആത്മവ്യഥയോടെ വായിച്ചറിയുമ്പോള്‍ ഉള്ളിന്‍റെ ഉള്ളിലൊരു നവലോകം നാമറിയാതെ തുറക്കപ്പെടുന്നു.
കടിച്ചാല്‍പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ച് വായനക്കാരനെ ബോറടിപ്പിക്കുന്ന കിരാതവിദ്യയൊന്നും ഈ കൃതിയില്‍ ദൃശ്യമല്ല. പറയാനുള്ളത് ലാളിത്യമാര്‍ന്ന ഭാഷയില്‍ കൊച്ചുകുട്ടികള്‍ക്കുപോലും വായിച്ചു ഹൃദിസ്ഥമാക്കാന്‍ പാകത്തിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്.
ശിവസുബ്രഹ്മണ്യത്തിന് ചിലതു പറയാനുണ്ട് എന്ന കഥയിലെ തലവാചകത്തില്‍തന്നെ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിട്ടാണ് കഥാകൃത്ത് തന്‍റെ രചനയിലേക്കു കടക്കുന്നത്. കഥപറഞ്ഞുപറഞ്ഞ് കടങ്കഥയായ ഒരു മനുഷ്യനിവിടെയുണ്ട്; മറക്കാതിരിക്കുക.
വായിച്ചുതീരുമ്പോള്‍ കിട്ടുന്ന അറിവും ആനന്ദവും പറഞ്ഞറിയിക്കുമ്പോള്‍ കിട്ടണമെന്നില്ല. വായന അത്രത്തോളം രസകരവും ആഹ്ലാദദായകവുമാണെന്ന് കഥാകൃത്ത് പലപ്പോഴും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഇല്ലായ്മക്കാരന്‍റെ ഇതിഹാസം ആരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ കരുത്തുള്ള ഒരു കഥയാണ്. കാലത്തിന്‍റെ ഗതിവിഗതികള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഒരു മനുഷ്യന്‍റെ പച്ചയായ ജീവിതം ഇതില്‍ കോറിയിട്ടിരിക്കുന്നു. സ്വന്തമാക്കാന്‍ മനസ്സില്‍ കരുതിവെച്ചതെല്ലാം വലിപ്പച്ചെറുപ്പത്തിന്‍റെ കൂട്ടിക്കിഴിക്കലില്‍ നഷ്ടപ്പെട്ടുപോകുമ്പോള്‍ ആ മനുഷ്യന്‍ എന്താണു ചെയ്തത്? ഹാ... കഷ്ടം!
രാമപുരം ചന്ദ്രബാബുവിന്‍റെ കഥകളിലൊന്നും മുന്‍വിധികള്‍ക്കു സ്ഥാനമില്ല. അപ്രതീക്ഷിതമായി മാറിമറിയുന്ന കഥാമുഹൂര്‍ത്തങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. ഈ സമാഹാരത്തിലെ ഓരോ കഥയും ജിജ്ഞാസാജനകവും ആവേശകരവുമാണ്. അത് വായനയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്നു.
എന്തുകൊണ്ടും നല്ലൊരു സമാഹാരം വായനക്കാര്‍ക്കു നല്‍കിയ രാമപുരം ചന്ദ്രബാബുവിന്‍റെ ഉദ്യമങ്ങള്‍ പ്രശംസനീയമാണ്. തന്നെയുമല്ല; കാലംസാക്ഷിയിലെ ഓരോ കഥയും സഹൃദയപക്ഷം നെഞ്ചോടു ചേര്‍ക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യാം.

Comments

Popular posts from this blog